Saturday, March 19, 2016

ഫെബ്രുവരിയും ഞാനും


         3-feb --2016




വിചാരങ്ങൾ കുതിരയെ പോൽ
പാഞ്ഞു പോകുമ്പോൾ;
വികാരങ്ങൾ കടിഞ്ഞാണിടാൻ 
കഴിയാതെ വരുമ്പോൾ;
വിഷാദം ഒരു സ്ഥായീ ഭാവമായി 
മുന്നിൽ നിൽക്കുമ്പോൾ;
വിഭ്രമം മനസ്സിനെ പിന്തുടർന്ന് 
അലട്ടുമ്പോൾ;
വിശ്വാസം മുറുകെ പിടിച്ചത്
ആവിയായി ഉയരുമ്പോൾ;
വിമർശനം ശരം പോൽ
നെഞ്ചിൽ തറക്കുമ്പോൾ;
വിലാപ തരംഗങ്ങൾ പ്രപഞ്ചത്തിൽ
അലയടിക്കുമ്പോൾ;
വിശുദ്ധമാം വേദ വാക്യങ്ങൾ
മനസ്സിൽ ഉരുവിട്ട്; 
വിണ്ണിലും മണ്ണിലും പാറി പറക്കട്ടെ !!

04 feb  2016



റോഡായ റോഡെല്ലാം കുഴികളാണേ; 
വാഹനങ്ങൾ ചീറി പായുന്നതാണേ; 
കുതിച്ചു കുതിച്ചു പോകുന്നേരം, 
നട്ടെല്ലും വാരിയെല്ലും ഇളകുംപോലെ;
നാട്ടാർക്കെല്ലാം നടു വേദന; 
പിഴിച്ചിലും കിഴിച്ചിലും സദാ നേരം;
റോഡിൽ വാഴകൾ പൊങ്ങും നേരം; 
പരാതികൾ അനവധി എത്തുംനേരം;
മേലാവികൾ ഉത്തരവുകൾ ഇടുകയായി;
നവീകരണത്തിനായി തുനിയുന്നു;
മരാമത്തു പണികൾ മുറപോലെ ;
അടുത്ത മഴയത്തു കുഴിയുവാനായ്;
അറ്റകുറ്റപ്പണികൾ നടത്തുന്നു ;
കാശുകൾ കീശയിൽ ആക്കുന്നു;
രണ്ടു നാൾ വീഥികൾ നിരാപ്പാണേ;
പിന്നെയും ശങ്കരൻ തെങ്ങിലാണേ!!


05 feb 2016






അമ്മതൻ മാറിൽ പറ്റി പിടിച്ചിരിക്കും,
പിഞ്ചു പൈതലിൻ പുഞ്ചിരിക്കെന്തു ഭംഗി;
പല്ലില്ലാ മോണകാട്ടി കൊഞ്ഞനം കുത്തുമാ-
നിഷ്കളങ്ക വദനമേകും നിർവൃതിയും;
പാൽനിലാവിൽ തിളങ്ങി നില്ക്കും
പൂർണചന്ദ്രൻ ഉതിർത്തുംശോഭയും ഒന്ന് പോൽ;
എത്ര നാൾ കാണുമീ കറയറ്റൊരാ മൃദുഹാസം...
എത്ര നാൾ നീളുമീ ഹൃദയ ഹാരിയാം നിമിഷങ്ങൾ...



06 feb 2016

'ലക്ഷ്യബോധമില്ലാത്ത യാത്ര; 
വഴിയോര കാഴ്ചകൾ കണ്ട്‌,
ശൂന്യമായ മനസ്സുമായി;
വെയിലേറ്റ് വാടിയും കരിഞ്ഞും,
വർഷങ്ങളായ് തുടരുമീ- 
അലഞ്ഞു തിരിയും  യാത്ര.
യാത്രക്ക് അർഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ; 
ദുഃഖഭാരം കുറയ്ക്കാനും; 
ഹൃദയ ഭാരം ഇറക്കാനും ;
ജീവിത ഭാരം മറക്കാനും; 
നാലാളെ കാണാനും; 
നാട്ടു കാര്യം പങ്കിടാനും,
കാഴ്‌ചപ്പാടുകള്‍ മാറാനും
 സൌഹൃദങ്ങൾ സ്ഥാപിക്കാനും,
ബന്ധങ്ങൾ നിലനിർത്താനും;
വിജയങ്ങൾ കൊയ്യാനും 
നല്ല നാളയെ എതിരേല്ക്കാനും        
ഉതകുമീ  മഹത് യജ്ഞം !!'

ലക്ഷ്യബോധമില്ലാത്ത യാത്ര; 
വഴിയോര കാഴ്ചകൾ കണ്ട്‌,
ശൂന്യമായ മനസ്സുമായി;
വെയിലേറ്റ് വാടിയും കരിഞ്ഞും,
വർഷങ്ങളായ് തുടരുമീ- 
അലഞ്ഞു തിരിയും യാത്ര.
യാത്രക്ക് അർഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ; 
ദുഃഖഭാരം കുറയ്ക്കാനും;
ഹൃദയ ഭാരം ഇറക്കാനും ;
ജീവിത ഭാരം മറക്കാനും;
നാലാളെ കാണാനും;
നാട്ടു കാര്യം പങ്കിടാനും,
കാഴ്‌ചപ്പാടുകള്‍ മാറാനും
സൌഹൃദങ്ങൾ സ്ഥാപിക്കാനും,
ബന്ധങ്ങൾ നിലനിർത്താനും;
വിജയങ്ങൾ കൊയ്യാനും
നല്ല നാളയെ എതിരേല്ക്കാനും
ഉതകുമീ മഹത് യജ്ഞം !!

07 feb 2016



ഞായറാഴ്ച ആകാൻ കാത്തിരുന്നു;
കർത്തവ്യങ്ങൾ എല്ലാം അന്നേക്കു വെച്ചു;
'ക്ഷീണം' എന്ന കാരണത്താൽ,
അലസനും മടിയനുമായി;
അവധി ദിനം വന്നണഞ്ഞു, 
കൃത്യങ്ങളെല്ലാം കുന്നു കൂടി;
'പിന്നെ ആകട്ടെ' എന്നവധി വെച്ചു, 
'കഥകളിലൂടെ' അലഞ്ഞു നടന്നു;
കണ്ടതും കാണാത്തതും തിരഞ്ഞു;
പാതിരാവായത് അറിഞ്ഞില്ല ;
ഞായറാഴ്ചയ്ക്ക് തിരശീല വീഴാറായ്;
ഇനിയെന്ത് ചെയ്യുമെന്നാലോചിച്ച്,
തലവേദന എന്ന കാരണം കിട്ടി,
പ്രയത്‌നങ്ങളെല്ലാം നാളേക്കായ് മാറ്റി,
ശുഭരാത്രി നേരുന്നു ഞാൻ !!

09 feb 2016



ദിവാകരൻ പോയതിനു പിന്നാലെ ;
സന്ധ്യയും വേർപിരിഞ്ഞെങ്ങോ പോയ്‌;
രജനിയെ കൂട്ടിനു വിളിക്കാതെ...
ഏകയായി മൂകയായി നിന്നൊരു യാമിനിയെ;
ചന്ദ്രനും താരകങ്ങളും പിന്തുടർന്നു;
സ്നേഹ വിരുന്നൊരുക്കി കാവൽ നിന്നു;
പുഞ്ചിരി വിതറും പത്മത്തിൻ വദനം; 
ശശിയെ കാൺകെ നാണിച്ചു വിവശയായി;
നിശാപുഷ്പങ്ങൾ തിളങ്ങി നിൽക്കേ
നിശാശലഭങ്ങളും വന്നണഞ്ഞു.,
ശോഭയാൽ നിലാവ് ഓളം വെട്ടുന്നത്
ഗിരിയും കൂട്ടരും ആസ്വദിച്ചു;
പലപല നാടകങ്ങൾ അരങ്ങേറവേ;
ഭൂഗോളം മനോഹരമാം പൂങ്കാവനമായി.
ശുഭരാത്രി !!

10  feb  2016

ഇടതിങ്ങി വിങ്ങും 
ചിതലരിച്ച മോഹങ്ങളും;
നഷ്ട സ്വപ്നങ്ങളും; 
ചുടു നെടുവീർപ്പുകളും
മിഴികള്‍ മഴയാക്കും നേരം; 
ചിന്തകളുടെ തീയിൽ
വെന്തെരിയും മനസ്സും; 
നെഞ്ചകത്തെ കൂട്ടിൽ
തിങ്ങി വിങ്ങും കനലുകളും;
നോവേറും ഹൃദയത്തിൻ
താളം തെറ്റിയ തുടിപ്പുകളും;
വേച്ചു പോകും ചുവടുകളും;
മരുഭൂമിയിലെത്തും നേരം
ഒരിറ്റു ദാഹ ജലത്തിനായി
എന്‍ ആത്മാവ് നീറുന്നു!!


11 feb 2016




നിങ്ങൾ അറിയുമോ ഹനുമന്തപ്പയെ...
വെടി യൊച്ചകൾക്ക് നടുവിൽ;
കൊടും തണുപ്പിൽ, ഭീകരർ ക്കെതിരെ, 
നമ്മുടെ സ്വത്തും ജീവനും മാനവും 
രാപകൽ ഇല്ലാതെ സംരക്ഷിക്കാൻ 
കാവൽ നിന്ന ആ ധീര ജവാനെ;
മഞ്ഞുപാളികള്‍ക്കടിയില്‍ മരണത്തെ
അതിജീവിച്ച വീര യോദ്ധാവിനെ..
പ്രകൃതി മടക്കിത്തന്ന ആ ജീവനുവേണ്ടി
രാജ്യം മുഴുവൻ പ്രാർത്ഥതിചെങ്കിലും
കണ്ണീരോടെ വിട പറയേണ്ടി വന്ന സൈനികനെ
നമുക്ക് വേണ്ടി ജീവിതം പണയം വെച്ച
വീരയോദ്ധാവേ അങ്ങേയ്ക്ക്
കണ്ണീരിൽ കുതിർന്ന
ഒരായിരം ആദരാഞ്ജലികൾ !!

15  feb  2016



കടുത്ത ചൂടിൽ തണൽ തേടി; 
പല കാതം നടന്നു ഞാൻ;
മരമെല്ലാം വെട്ടി പോയ്‌; 
തണലെല്ലാം വെന്തുരുകി; 
തണലിനു തണലായി നിന്നൊരു; 
അരയാലിൻ കീഴിൽ;
തണലിനോടൊപ്പം കൂടി ;
തല ഒന്ന് ചായ്ച്ചു;
വെയിലൊന്ന് കുറഞ്ഞപ്പോൾ;
നിഴലുറങ്ങും വീഥിയായി;
സ്വപ്നങ്ങള്ക്ക് വഴിമാറി!!

16 feb 2016



നേരം പാതിരാ കഴിഞ്ഞിട്ടും;
പാതിരാ കിളി ചിലച്ചിട്ടും;
കരയിൽ പിടിച്ചിട്ട മീൻ പോലെ;
ഓർമ്മകൾ എന്നെ മുറുക്കുന്നു;
നിദ്ര ഒളിച്ചു കളിക്കുന്നു;
കൊടും വിഷമുള്ള മൂർഖനായി ;
ഇരുട്ട് എന്നെ വരിയുന്നു; 
നിലവിളിക്കാൻ കഴിയാതെ;
ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നു ;
ഗതി കിട്ടാ പ്രേതം പോൽ
ലക്ഷ്യമില്ലാതലയുന്നു;
നേരം പരപരാ വെളുത്തിട്ടും
കണ്ണും മിഴിചിരിപ്പാണ് !!


17 feb 2016

അഴിച്ചിട്ടും അഴിയാത്ത കുരുക്കുകൾ;
ചുരുളുകൾ നിവർത്താനാകാതെ;
കുരുക്കുകള്‍ മുറുകുന്നു;
നിശബ്ദമായ് തേങ്ങുന്നു;
കണ്ണുകൾ തുറിക്കുന്നു; 
തല കറങ്ങുന്നു; 
തൊണ്ട വരളുന്നു;
മേനി തളരുന്നു;
ഇടനെഞ്ചു പിടയുന്നു;
നാഡികൾ നിലയ്ക്കുന്നു;
കൈകാൽ വിറയ്ക്കുന്നു;
കുരുക്കുകൾ അയയുന്നു;
നിലം പതിക്കുന്നു;
ഒരു നിമിഷം ......
ജീവിതം മാറിമറിയുന്നു .......


18  feb  2016





അസ്തമിക്കുന്ന ഓരോ പകലിനോടൊപ്പം, 
ജീവിത ഗ്രന്ഥത്തിൽ നിന്നും ഓരോ- 
താളുകളും അടർന്നു പോകുന്നു,
ഏറെയും ശൂന്യമായ രീതിയിൽ;
പഴകിദ്രവിച്ചതും പൊടിപിടിച്ചതായും;
കറുത്ത താളുകളായി മറഞ്ഞു പോകുന്നു;
സ്വർണ ലിപികളാൽ ആലേഖനം ചെയ്യാനും,
അസ്തമിക്കാത്ത സുര്യ തേജസ് ആയി
നിശയെ വരവേൽക്കാതെ വാഴാനും;
കഴിയുന്നൊരു കാലം...
സ്വപ്നം കാണും മാനസം.......


19-feb 2016

വഞ്ചനയുടെ നാളുകൾ, 
വിഷത്തിൻ മൊഴികൾ, 
പീഡനത്തിൻ ഭയാനകത, 
ദാരിദ്ര്യത്തിൻ നിലവിളി,
മരവിച്ച മനസ്സുമായി,
യാന്ത്രികമായ ജീവിതം;
ഉലകം ഒരു നരകം !!
കളങ്കമില്ലാത്ത പുഞ്ചിരി,
സമൃദ്ധിയുടെ ദിനങ്ങൾ,
സ്നേഹ സംവാദം,
സന്തോഷത്തിൻ ദിവസങ്ങൾ,
മനസ്സില്‍ ഒരു കുളിർമ,
ലോകം എത്ര മനോഹരം!!


21 feb 2016


ഘടികാരത്തിൻ സൂചി തിരികെ കറക്കി;
നഷ്ടപെട്ടൊരു കാലം തിരിച്ചെടുക്കാനായി; 
വിടര്‍ന്നു കൊഴിഞ്ഞൊരു പുഷ്പം- 
തിരികെ പൂചെടിയിൽ വിരിയാനായ്; 
വീണ്ടും കാറ്റത്താടി ഉല്ലസിക്കാനായി;
ബാല്യവും കൌമാരവും ഇനിയും വന്നെങ്കിൽ;
പൈകിടാവിനെ പോൽ തുള്ളിചാഞ്ചാടി;
വെയിലത്തും മഴയത്തും, പാടത്തും പറമ്പത്തും;
ഓടി തിമിർത്ത് കളിക്കാൻ കഴിഞ്ഞെങ്കിൽ;
കരഞ്ഞും ചിരിച്ചും ആർതുല്ലസിച്ചും;
ഇണങ്ങിയും പിണങ്ങിയും കലഹിച്ചും;
വളഞ്ഞും തിരിഞ്ഞും കൂടിചേർന്നും;
ദിശയറിയാതെ ഒഴുകും പുഴ പോൽ;
ദിക്കറിയാതെ വീശും കാറ്റു പോൽ;
കാപട്യമില്ലാത്തൊരു മനസ്സുമായി;
ശൈശവത്തിൻ പടിയിൽ കാലൂന്നിയെങ്കിൽ !!

22-feb  2016

മോഹങ്ങൾ ഒന്നും ചെറുതായിരുന്നില്ല;
മാനം മുട്ടെ വലുതായിരുന്നു,
ലക്ഷ്യത്തിൽ എത്താൻ പല വഴി തേടി;
ന്യായത്തിനും അന്യായത്തിനും കൂട്ട് നിന്നു;
ആദർശങ്ങളെല്ലാം തകിടം മറിഞ്ഞു;
കൂട്ട് കൂടാൻ സുഹ്രത്തുക്കൾ ഉണ്ടായി;
ധൂർത്തുകൾ അനവധി ഏറി വന്നു;
ആഘോഷങ്ങൾക്ക്‌ കാരണം ഏറെയായി;
ആർഭാടത്തിനൊട്ടു പഞ്ഞം ഇല്ലാതായി;
വാക്കുകളും പെരുമാറ്റങ്ങളും മാറി വന്നു;
ജീവിത മനോഭാവം തകിടം മറിഞ്ഞു;
ദൈവത്തെപോലും മറന്നു ജീവിച്ചു,
കടബാധ്യതകൾ പെരുകി വന്നു;
ചങ്ങാതിമാരെല്ലാം പലവഴി പിരിഞ്ഞു;
പൊള്ളുന്ന പരമാര്‍ത്ഥങ്ങൾ തുറിച്ചു നോക്കി;
ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ
ധൈര്യമൊട്ടു ഇല്ലാതായി;
ലക്ഷ്യത്തിലൊട്ടു എത്തിയതുമില്ല;
ജീവിതം ശാശ്വതമായതുമില്ല;
മോഹങ്ങളെല്ലാം മണ്ണടിഞ്ഞു!!


23 feb  2016


ആരാരുമറിയാതെ ആരോടും പറയാതെ; 
ആരാരുമില്ലാത്ത കാനന ചോലയിൽ; 
സ്വപ്നങ്ങളുടെ ഒഴിഞ്ഞ ഭാണ്ഡവുമായി;
തീരാത്ത വേദനയിൽ മുങ്ങി താന്ന്; 
കാട്ടരുവിയുടെ ഓരത്ത് തല ചായ്ക്കവേ; 
ഇളം തെന്നൽ തഴുകി മയങ്ങും നേരം; 
ദേശാടന കിളികൾ കൂട്ടിനെത്തി; 
നൂറു നിറങ്ങൾ കൊണ്ടൊരു കൂട് കൂട്ടി;
കിളികൊഞ്ചലുമായി കൂടെ കൂടി;
ഭാണ്ഡത്തിനു ഭാരം ഏറി വന്നു;
സന്തോഷത്താൽ മിഴി താനേ തുറന്നു ;
ദേശാടന കിളികൾ ദൂരെ മറഞ്ഞു പോയ്‌ !!


24 feb  2016

'വേനലിൻ  സുര്യൻ ജ്വലിച്ചു നിൽക്കേ;
നട്ടുച്ച നേരത്തെ പൊരിവെയിലില്‍;
ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പിൽ;      
ധരിത്രി തൻ നയനങ്ങൾ നിറഞ്ഞു തുളുമ്പി; 
കവിഞ്ഞതെല്ലാം കടലായി മാറി;
ഏങ്ങി കരയും ഭൂമിയെ നോക്കി; 
കടൽ  തിരകൾ ആർത്തിരമ്പി- 
തീരത്തേക്ക് ആഞ്ഞടിക്കാതെ ഉൾവലിഞ്ഞു;
നെഞ്ചിൽ തീയുമായി വിങ്ങും ധരണിയിൽ; 
കടൽ കാറ്റിൻ വരവൊരു സാന്ത്വനമായി; 
സൂര്യതാപത്തിന്റെ തീക്ഷണത കുറഞ്ഞു;  
അസ്തമിക്കും പകലോൻ ആഴകടൽ തേടി !!'


വേനലിൻ സുര്യൻ ജ്വലിച്ചു നിൽക്കേ;
നട്ടുച്ച നേരത്തെ പൊരിവെയിലില്‍;
ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പിൽ; 
ധരിത്രി തൻ നയനങ്ങൾ നിറഞ്ഞു തുളുമ്പി; 
കവിഞ്ഞതെല്ലാം കടലായി മാറി;
ഏങ്ങി കരയും ഭൂമിയെ നോക്കി; 
കടൽ തിരകൾ ആർത്തിരമ്പി- 
തീരത്തേക്ക് ആഞ്ഞടിക്കാതെ ഉൾവലിഞ്ഞു;
നെഞ്ചിൽ തീയുമായി വിങ്ങും ധരണിയിൽ;
കടൽ കാറ്റിൻ വരവൊരു സാന്ത്വനമായി;
സൂര്യതാപത്തിന്റെ തീക്ഷണത കുറഞ്ഞു;
അസ്തമിക്കും പകലോൻ ആഴകടൽ തേടി !!

24 feb 2016






ശബ്ദ തരംഗങ്ങളായി പിന്തുടർന്ന 
അദ്രിശ്യമായ രൂപങ്ങൾ; 
ഇത് വരെ അരൂപികളായിരുന്നവ;
നിഴലായി പുറകിനു കൂടിയവ; 
മുഖം മൂടിയണിഞ്ഞ രൂപങ്ങളായി;
കറുത്ത കളസ്സമിട്ട കോമാളികളായി; 
ചുറ്റും നൃത്തം ചവിട്ടുകയായി. 
ആവരണം നീക്കി പുറത്തു വരാൻ;
സമയമായെന്ന് സൂചന നല്കുകയായി;
മനസ്സിനെ മെതിച്ചിരുന്ന വ്യഥകളെല്ലാം;
മെഴ്കുതിരി പോൽ ഉരുകിയിരുന്നു;
കാരിരുമ്പിൻ കരുത്ത് ആവാഹിച്ചു;
മനോ നിയന്ത്രണം ശീലമാക്കി;
മനസ്സ് സ്വച്ഛന്ദമാക്കി കാത്തിരുന്നു;
കാലം വിതച്ചതും വിളഞ്ഞതും കൊയ്യാൻ
രണ്ടു കൈയും നീട്ടി വിളവെടുക്കാൻ ...


25 feb  2016


“THE MUQADDIMAH “ -A good suggestion to read for one interested in history.
"This work contains an exhaustive history of the world. It turns out to be a vessel for philosophy, a receptacle for historical knowledge.
Explains various aspects of civilization that affect human beings in their social organization, as royal authority, gainful occupation, sciences, and crafts, in the light of various arguments that will show the true nature of the varied knowledge of the elite and the common people".


26  feb  2016
വേദന കൊണ്ട് പിടയുമ്പോൾ; 
ശബ്ദമില്ലാതെ കരയാനും;
കണ്ണീരാൽ കഴുകാനും; 
ചിറകില്ലാതെ പറക്കാനും; 
ഉയരങ്ങളിലേക്ക് ഉയരാനും; 
നൂൽ പൊട്ടിയ പട്ടം പോൽ; 
അലസമായി അലയാനും; 
പൊടുന്നനെ നിലംപതിക്കാനും;
താങ്ങിനായി കരങ്ങളെ ;
നാലുപാടും തിരയുമ്പോൾ;
വൃഥാവിൽ ആണെന്നറിയാനും;
കാലം മായ്ക്കാത്ത മുറുവുകള്‍;
ഹൃദയത്തിൻ വിങ്ങലാകാനും;
നഷ്ടബോധങ്ങൾ വേട്ടയാടുമ്പോൾ
ജീവിതം ഒരു പരാജയം എന്ന്
വിധിയെഴുതാനും ....
ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ എന്ന്
വെറുതെ മോഹിക്കുവാനും മോഹം ...



26  feb  2016

ജീവിതം എന്ന പാഠശാലയിൽ; 
വിദ്യ അഭ്യസിക്കാൻ വന്നവർ നാം. 
ചോദ്യങ്ങൾ മെനഞ്ഞു പാഠാവലിയാക്കി; 
ഉത്തരങ്ങൾക്കായി അലഞ്ഞു നടന്നു;
ജീവിതം വലിയൊരു ചോദ്യചിഹ്ന്നമായി;
നടന്നു നടന്നു കാലു കുഴഞ്ഞു;
കയറി ഇറങ്ങാത്ത സ്ഥലങ്ങളില്ല;
ചുടു വെയിലിൽ വിയർത്തൊലിച്ചു;
തീകാറ്റ് ഏറ്റു വാടി തളർന്നു
ദിന രാത്രങ്ങൾ മാറി മറിഞ്ഞു
എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങളുമായി;
ഉത്തരമില്ലാതെ കണ്ണ് മഞ്ഞളിച്ചു
ചോദ്യ ശരങ്ങൾ കുറിക്കു കൊണ്ട്
ജീവിതം ഉത്തരം കിട്ടാ ചോദ്യം ആയി !!


27  feb  2016

തണലായി തൂണായി താങ്ങായി;
ചാരത് നില്ക്കും അദ്രിശ്യനായി; 
എല്ലാമറിഞ്ഞിട്ടും അറിയില്ലെന്ന പോൽ; 
സസൂഷ്മം വീക്ഷിക്കും ഓരോ ചലനങ്ങളും;
നേർവഴി കാട്ടാൻ യാചിക്കും നിത്യേന; 
നന്മക്കും തിന്മക്കും ഒരുപോലെ പ്രാർതഥിക്കും;
കാര്യ സിദ്ധിക്കായി പലവഴി തേടും; 
പ്രാർത്ഥനകൾ അനസ്യൂതം തുടർന്ന് കൊണ്ടിരിക്കും;
അപേക്ഷകളെല്ലാം സ്വീകരിക്കും അന്നേരം;
അഭ്യര്‍ത്ഥനകൾ ഒട്ടൊക്കെ കനിവോടെ കാണും;
പാപികളെ പന പോലെ വളർത്തും;
പാവങ്ങളെ ആവോളം പരീക്ഷിക്കും:
കൊടുംകാറ്റായും ഭൂകമ്പമായും,
പ്രളയമായും പേമാരിയായും,
നാശ നഷ്ട്ടങ്ങൾ അനേകം സൃഷ്ട്ടിച്ചും;
പാരിലെ ജീവിതം ദുരിത പൂർണമാക്കി;
വാനിലെ ജീവിതം സന്തുഷ്‌ടമാക്കും!!

28  feb   2016


'ആശിക്കും ഓരോ പുലരിയിലും;
ദുരിതങ്ങളില്ലാത്ത ഒരു ദിനം; 
പരിശ്രമിക്കണം, വിജയം നേടണം; 
പുതുനാമ്പ് പോലെ പ്രതീകഷകൾ;
സുപ്രഭാതത്തിൻ സുസ്മിതം നേരും; 
അവസാനിക്കാത്ത പ്രത്യാശകൾ; 
പകൽ മുഴുവൻ നിലനില്ക്കും;
പലതും  നേടാൻ  പരക്കം പായും;  
അച്ചുതണ്ടിൽ തിരിയും  ഭൂഗോളം;
കൂടെ അലയും നാം ഏവരും; 
അന്തിമ സുര്യൻ കടലിൽ  മുങ്ങുന്നേരം; 
അഭിലാഷങ്ങളെല്ലാം വെള്ളത്തിലായി;
ഇനി സ്വപ്നം കാണാം നല്ലൊരു നാളയേ!!     
എന്നൊരു സ്വപ്നം നിലനിർത്തി;
ഇന്നിനോട് വിട പറയുന്നു.
ശുഭരാത്രി !!'




ആശിക്കും ഓരോ പുലരിയിലും;
ദുരിതങ്ങളില്ലാത്ത ഒരു ദിനം; 
പരിശ്രമിക്കണം, വിജയം നേടണം; 
പുതുനാമ്പ് പോലെ പ്രതീകഷകൾ;
സുപ്രഭാതത്തിൻ സുസ്മിതം നേരും; 
അവസാനിക്കാത്ത പ്രത്യാശകൾ; 
പകൽ മുഴുവൻ നിലനില്ക്കും;
പലതും നേടാൻ പരക്കം പായും;
അച്ചുതണ്ടിൽ തിരിയും ഭൂഗോളം;
കൂടെ അലയും നാം ഏവരും;
അന്തിമ സുര്യൻ കടലിൽ മുങ്ങുന്നേരം;
അഭിലാഷങ്ങളെല്ലാം വെള്ളത്തിലായി;
ഇനി സ്വപ്നം കാണാം നല്ലൊരു നാളയേ!!
എന്നൊരു സ്വപ്നം നിലനിർത്തി;
ഇന്നിനോട് വിട പറയുന്നു.
ശുഭരാത്രി !!



No comments: